കൊല്ലം: കൊട്ടാരക്കരയില്‍ റോഡരികില്‍ യുവാവ് മരിച്ചു കിടന്നത് കൊലപാതകമാണെന്ന് പൊലീസ്. ഒഡീഷ സ്വദേശി അവയ് ബീറി (30)ന്റെ കൊലപാതകത്തില്‍ സഹോദരീ ഭര്‍ത്താവ് മനോജ്കുമാര്‍ നായിക് (28) നെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തമുക്കില്‍ അര്‍ബന്‍ ബാങ്കിന് സമീപം റോഡരികില്‍ അവയബറോയെ തലയില്‍നിന്നു രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃക്കണ്ണമംഗല്‍ തട്ടത്തിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന് അവയബീര്‍. കേസില്‍ അവയബറോയുടെ സഹോദരി ഭര്‍ത്താവ് മനോജ്കുമാര്‍ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അവയ്ബീറിനെ തിരഞ്ഞിറങ്ങിയ മനോജ് വൃന്ദാവന്‍ ജങ്ഷന് സമീപം ഇയാളെ കണ്ടെത്തുകയും വാക്ക്തര്‍ക്കത്തിനിടെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച താമസസ്ഥലത്ത് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയബിര്‍ രാത്രിയില്‍ താമസസ്ഥലത്ത് നിന്ന് ഇറങ്ങി. അവയബിറിനെ മനോജ് കുമാര്‍ പിന്തുടര്‍ന്നു. മനോജിന് അവയബിറിന് അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏറെ നാളായി കൊട്ടാരക്കര കേന്ദ്രീകരിച്ച് കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് പ്രതിയായ മനോജ് കുമാര്‍ നായിക്.