തിരുവനന്തപുരം: സേഫ് കേരള പദ്ധതിയില്‍ വീണ്ടും അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്കായി ലാപ്‌ടോപ്പുകള്‍ വാങ്ങിയത് മൂന്ന് ഇരട്ടിയില്‍ അധികം വിലയ്ക്കാണെന്ന് അദ്ദേഹം ആരോപിച്ചു.
നടന്നത് തീവെട്ടിക്കൊള്ളയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒരു കാര്യവുമില്ലാതെ കെ.സുധാകരനെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. നിശബ്ദരാക്കാം എന്ന് കരുതേണ്ട. അഴിമതികള്‍ ഇനിയും പുറത്ത് കൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരനെതിരായ കേസിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന ആരോപണം സിപിഎം തെളിയിക്കട്ടെ. അങ്ങനെ സിപിഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകള്‍ ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയെന്നും ചെന്നിത്തല പറഞ്ഞു.