അഗർത്തല: ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ രഥ യാത്രയ്ക്കിടെ ഇരുമ്പ് കൊണ്ട് നിർമിച്ച രഥത്തിന് മുകളിൽ വൈദ്യുതി കമ്പി തട്ടി രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയായിരുന്നു സംഭവം.
ഉനകോട്ടിയിലെ ചൗമുഹാനി മേഖലയിൽ ഘോഷയാത്ര പുറപ്പെടുന്നതിനിടെയാണ് അപകടം. 20 പേരോളം കയറിയ രഥത്തിന്മേൽ വൈദ്യുതി കമ്പി വീഴുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് ആറ് പേരും മരിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ കുമാർഘട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഉനകോട്ടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ വളരെയധികം വേദനയുണ്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.