തിരുവല്ല: ബലഹീനരെയും അംഗബലം കുറഞ്ഞവരെയും കരുതുന്ന സംസ്‌കാരമാണ് ജനാധിപത്യത്തിന്റെ കാതലെന്ന് മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷ്യന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലീത്ത. മണിപ്പൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മെത്രാപോലീത്ത.
മണിപ്പൂരില്‍ സമാധാനം പുലര്‍ന്നേ മതിയാകൂ. മെയ് മാസം മൂന്നിന് ആരംഭിച്ച കലാപം ഇനിയും ശമിച്ചിട്ടില്ലെന്നും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ഭവനരഹിതരാവുകയും ചെയ്തു. പതിനായിരങ്ങള്‍ സ്വന്തം മണ്ണില്‍ നിലനില്‍പ്പിനായി നിലവിളിക്കുന്ന കാഴ്ച ഹൃദയ ഭേദകമാണ്. അവരുടെ മനസിനേറ്റ മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും എത്രയോ നാളുകള്‍ എടുക്കുമെന്നും ചോദ്യം ഉന്നയിച്ചു.
കുക്കി - മെയ്തേയി വംശീയ സംഘര്‍ഷം എന്ന രീതിയിലെ സംഘര്‍ഷങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. ജീവനാണ് വലുതെന്നും വിഭാഗീയതകളെ അതിജീവിക്കുന്ന ഒരുമയാണ് ആവശ്യമെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ജീവനും സ്വത്തിനും പരിക്ഷണം നല്‍കേണ്ട ബാധ്യത തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സര്‍ക്കാരുകള്‍ക്കുണ്ട്.
മണിപ്പൂരില്‍ മെയ്തേയും കുക്കികളുമല്ല മരിച്ചു വീഴുന്നത്. പിന്നെയോ മനുഷ്യരാണ്. അതുകൊണ്ടു മണിപ്പൂരില്‍ സമാധാനം പുലര്‍ന്നേ മതിയാകു. സമാധാന പ്രക്രിയയകളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഏവരും പങ്ക് ചേരണമെന്നും വീടുകളുടെയും സ്ഥാപനങ്ങളുടെയും പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ കൂടി മുമ്പില്‍ കണ്ടു പ്രവര്‍ത്തിക്കണം. അതിനായി ഏവരും കൈക്കോര്‍ത്ത് സമാധാന യജ്ഞങ്ങള്‍ക്കായി പരിശ്രമിക്കാമെന്ന് മെത്രാപ്പോലീത്താ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.