“പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക”: ലിയോ പാപ്പയുടെ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു

“പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക”: ലിയോ പാപ്പയുടെ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു

വത്തിക്കാൻ സിറ്റി: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രമാണ രേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലമൻ മാർപാപ്പ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറക്കി. ഡിസെഞ്ഞാരെ നോവേ മാപ്പെ ഡി സ്പെരാൻസാ അഥവാ “പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക” എന്ന പേരിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പലതരം പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗം ക്രിസ്തുവിന്റെ വചനത്തിൽ നിന്ന് ദിശാബോധം കണ്ടെത്തണമെന്നും പാപ്പാ ലേഖനത്തിൽ ഉന്നയിക്കുന്നു.

യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, സാമൂഹിക അസമത്വങ്ങൾ, ദാരിദ്ര്യം എന്നിവ മൂലം മനുഷ്യരാശി നേരിടുന്ന വിദ്യാഭ്യാസ അടിയന്തരാവസ്ഥ അതീവ ഗൗരവമുള്ളതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സഭ കൂടുതൽ പ്രതിബദ്ധതയോടെ വിദ്യാഭ്യാസ മേഖലയിൽ സേവനം ചെയ്യേണ്ടതുണ്ടെന്നും സഭയുടെ ഈ ദൗത്യം അധികാരത്തിലൂടെയല്ല സേവനത്തിലൂടെയാണെന്നും പാപ്പ ഓർമ്മിപ്പിക്കുന്നു.

ഡിജിറ്റൽ കാലഘട്ടത്തിൽ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ ലേഖനത്തിൽ അടിവരയിടുന്നു. സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടിപദ്ധതിയുടെ ഭാഗമാണെന്നും അതിനെ ശത്രുതാപരമായി കാണാതെ മനുഷ്യന്റെ നല്ലതിനായി വിനിയോഗിക്കേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി.

അതോടൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വിശുദ്ധ തോമസ് അക്വിനാസിനൊപ്പം നിയമിക്കുന്നതായും പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്. മാർപാപ്പയുടെ ഈ പുതിയ അപ്പസ്തോലിക ലേഖനം വിദ്യാഭ്യാസത്തെ പ്രത്യാശയുടെ വഴികളിൽ വീണ്ടും നയിക്കാനുള്ള സഭയുടെ പ്രതിബദ്ധതയും ദർശനവും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട രേഖയായി കണക്കാക്കപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.