ഓസ്‌ട്രേലിയൻ കത്തോലിക്കാ യുവജന സം​ഗമം 2028 ൽ സിഡ്‌നിയിൽ; ആറ് ലക്ഷം യുവതി-യുവാക്കൾ പങ്കെടുക്കും

ഓസ്‌ട്രേലിയൻ കത്തോലിക്കാ യുവജന സം​ഗമം 2028 ൽ സിഡ്‌നിയിൽ; ആറ് ലക്ഷം യുവതി-യുവാക്കൾ പങ്കെടുക്കും

സിഡ്നി: മെൽബണിൽ സമാപിച്ച ഓസ്‌ട്രേലിയൻ കത്തോലിക്കാ യുവജന സം​ഗമം നൽകിയ ആവേശത്തിൽ നിന്ന് രാജ്യത്തെ യുവ സമൂഹം ഇനി സിഡ്‌നിയിലേക്ക്. 2028 ലെ അടുത്ത യുവജന സം​ഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സിഡ്‌നി നഗരമായിരിക്കുമെന്ന് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപി പ്രഖ്യാപിച്ചു.

2028 ൽ സിഡ്‌നിയിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനോട് ചേർന്നാണ് അടുത്ത യുവജന സം​ഗമം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. സഭയുടെ എല്ലാ തലങ്ങളിലുമുള്ള വിശ്വാസികൾ ഈശോയുടെ തിരുസ്വരൂപത്തിന് മുന്നിൽ ഒത്തുചേരുന്ന മഹത്തായ നിമിഷമായിരിക്കും അത്.

യുവജന സംഗമത്തിലേക്ക് ആറ് ലക്ഷം പേരെ എത്തിക്കുക എന്ന ചരിത്രപരമായ ലക്ഷ്യമാണ് ആർച്ച് ബിഷപ്പ് ഫിഷർ മുന്നോട്ട് വെച്ചിരിക്കുന്നത്. മെൽബണിൽ പങ്കെടുത്ത 6,000 യുവതി-യുവാക്കളോട് ഓരോരുത്തരും 100 പേരെ വീതം ക്ഷണിക്കാൻ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

ദൈവത്തിനായിട്ടുള്ള വിശപ്പും അവിടുത്തെ തേടാനുള്ള ധൈര്യവും കണ്ടെത്തുന്നതിലെ സന്തോഷവും നമ്മുടെ രാജ്യത്ത് പരിശുദ്ധാത്മാവ് സജീവമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകളാണെന്ന് ആർച്ച് ബിഷപ്പ് അടിവരയിട്ടു പറഞ്ഞു.

6,000 പേർ ഒരേസമയം ദിവ്യകാരുണ്യത്തിന് മുന്നിൽ മുട്ടുകുത്തി ആരാധന നടത്തിയത് ഒരു അവിസ്മരണീയ നിമിഷമായിരുന്നു. ഓസ്‌ട്രേലിയയിൽ വിശ്വാസം മരിച്ചിട്ടില്ല, അത് ജീവസുറ്റതാണ് എന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു അത്.

നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ നീണ്ടുനിന്ന മെൽബൺ യുവജന സം​ഗമം സംഗീതവും പ്രാർത്ഥനയും അറിവും പങ്കുവെച്ചുള്ള വേദിയായി മാറി. വാഗ്ദാന പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബിഷപ്പുമാരുമായുള്ള തുറന്ന സംവാദങ്ങൾ, ലൈവ് കൺസർട്ടുകൾ എന്നിവ നടന്നു. ഫെസ്റ്റിവലിന്റെ സമാപനം, യുവജനങ്ങളെ തങ്ങളുടെ വിശ്വാസം ലോകത്തിലേക്ക് കൊണ്ടുപോകാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.