ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സജീവ് ജോസഫ് എംഎൽഎ വിശിഷ്ടാതിഥി

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സജീവ് ജോസഫ് എംഎൽഎ വിശിഷ്ടാതിഥി

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 14 ന് മെൽബണിലെത്തുന്ന സജീവ് ജോസഫ് എംഎൽഎയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി, ഐഒസി ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിന്സോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസ്സി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകും.

ഓഗസ്റ്റ് 15 ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ഓഗസ്റ്റ് 16 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി അദേഹം ഉദ്ഘാടനം ചെയ്യും. വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഓഗസ്റ്റ് 17 ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്ന് തന്നെ ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും മുഖ്യാതിഥിയാകും. തുടർന്ന് ഓഗസ്റ്റ് 19 ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘മീറ്റ് ആൻഡ് ​ഗ്രീറ്റ്’ പരിപാടിയിലും സജീവ് ജോസഫ് എംഎൽഎ പങ്കെടുക്കും. ഇതിനുപുറമെ ഡാർവിൻ, ആലീസ് സ്പ്രിങ്‌സ്, പെർത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും പരിപാടികളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഐഒസി വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.