ജപ്പാനില്‍ ശക്തമായ ഭൂചലനം; രേഖപ്പെടുത്തിയത് 7.6 തീവ്രത; പിന്നാലെ സുനാമി മുന്നറിയിപ്പും

ജപ്പാനില്‍ ശക്തമായ ഭൂചലനം; രേഖപ്പെടുത്തിയത് 7.6 തീവ്രത; പിന്നാലെ സുനാമി മുന്നറിയിപ്പും

ടോക്യോ: വടക്കൻ ജപ്പാൻ മേഖലയെ നടുക്കി അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ആവോമോരിയുടെ കിഴക്കും ജപ്പാന്റെ ഹോന്‍സു ഐലന്‍ഡിന്റെ വടക്ക് പ്രദേശത്തുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആവോമോരി ടൗണിലെ പല കെട്ടിടങ്ങളുടെയും ഉള്ളിലുണ്ടായിരുന്നവര്‍ക്ക് ഭൂചലനത്തില്‍ സാരമായ പരിക്കുകള്‍ പറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാന്‍റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ട്. തിരമാലകളുടെ സാധ്യതയുള്ള ഉയരവും നാശനഷ്ടങ്ങളും നിരീക്ഷണ ഏജൻസികൾ വിലയിരുത്തുന്നതിനിടെ തീരദേശവാസികൾ ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഉദ്യോഗസ്ഥർ അടിയന്തര നിർദേശം നൽകി.

ഭൂചലനത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ടാസ്‌ക് ഫോഴ്‌സിനെ ഉടന്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്നും പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും തകായിച്ചി പറഞ്ഞു.

പ്രദേശത്തെ ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ സുരക്ഷാ പരിശോധനകളും നടത്തി വരുന്നുണ്ട്. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.