ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമാക്കി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തടസങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് കമ്പനി വീണ്ടും നടപടികള്‍ ശക്തമാക്കുന്നത്.
ഇന്ത്യയില്‍ മതിയായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാത്ത പ്രദേശങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് സഹായകരമാകുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ആവശ്യത്തിന് കണക്റ്റിവിറ്റി ലഭിക്കാത്തവര്‍ക്ക് സേവനം പ്രയോജനപ്പെടും. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഒരു പോസ്റ്റിന് എക്‌സില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും മികച്ച 4 ജി കണക്റ്റിവിറ്റി ലഭ്യമല്ലെന്നായിരുന്നു പോസ്റ്റിലെ അവകാശവാദം. ഗ്രാമ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷന്‍ നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ഗ്രാമങ്ങളില്‍ 100 ആളുകളില്‍ 48.31 പേര്‍ക്കാണ് ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷനുള്ളത്. നഗരങ്ങളില്‍ ഇത് 100 ആളുകളില്‍ 126.80 ആണ്.
ഇതിനിടെയാണ് ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്റ്റാര്‍ലിങ്ക് വീണ്ടും സജീവമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററായ ഇന്‍-സ്‌പേസില്‍ ജെന്‍ 2 സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന് അനുമതി തേടി കമ്പനി വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.
ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക സൗകര്യങ്ങളാണ് ജെന്‍ 2 കോണ്‍സ്റ്റലേഷന്റെ പ്രത്യേകത. ഇതിലൂടെ അനുയോജ്യമായ മൊബൈല്‍ ഉപകരണങ്ങള്‍ക്ക് പരമ്പരാഗത മൊബൈല്‍ ടവറുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കും. സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ സ്റ്റാര്‍ലിങ്കിന്റെ അനുമതി നടപടികള്‍ മരവിപ്പിച്ചിരുന്നു.
സാധാരണ ജിയോ സ്റ്റേഷണറി ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോ മീറ്റര്‍ ഉയരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഏകദേശം 550 കിലോ മീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് സഞ്ചരിക്കുന്നത്. ഭൂമിയോട് അടുത്തുള്ള ഭ്രമണ പഥമായതിനാല്‍ ഡാറ്റ കൈമാറ്റത്തിലെ താമസം കുറക്കാന്‍ ഇത് സഹായിക്കും.