ടെഹ്‌റാന്‍: അമേരിക്കയുമായി നിലനില്‍ക്കുന്ന യുദ്ധ സമാനമായ സാഹചര്യങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. യു.എസിനേക്കാള്‍ ശക്തിയും അന്തസുമുള്ള നിലപാടാണ് ഇറാന്റേതെന്നും ഈ പോരാട്ടത്തില്‍ ഇറാന്റെ വിജയമാണ് ലോകം അംഗീകരിച്ചതെന്നും അദേഹം ടെഹ്റാനില്‍ നടന്ന യോഗത്തില്‍ വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പ്പറത്തി ഇറാനിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെ അമേരിക്ക ആക്രമണം നടത്തുകയായിരുന്നുവെന്നും പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണമായി നിലച്ചതോടെ സംഘര്‍ഷത്തിന്റെ ആഘാതം ആഗോളതലത്തില്‍ ഇപ്പോഴും പ്രതിഫലിക്കുകയാണ്. പ്രമുഖ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് നിലവില്‍ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഉപരോധങ്ങള്‍ക്ക് പുറമെ ഇറാനുമേല്‍ യു.എസ് ശക്തമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയത് സാമ്പത്തിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഇത്തരം നീക്കങ്ങള്‍ സാമ്പത്തിക ഭീകരതയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വിചാരണയും ശിക്ഷയും അര്‍ഹിക്കുന്ന കുറ്റകൃത്യമാണ് അമേരിക്ക ചെയ്യുന്നതെന്നും സ്വന്തം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും വന്‍ കടബാധ്യതയില്‍ നിന്നും ലോക ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളെന്നും ഇറാന്‍ ആരോപിക്കുന്നു. നേരിട്ടുള്ള സൈനിക നീക്കങ്ങള്‍ക്ക് പകരം ശക്തമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തകര്‍ക്കുകയെന്ന തന്ത്രമാണ് അമേരിക്ക ഇപ്പോള്‍ പയറ്റുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ ഇത്തരം ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും കൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് ചൈന വ്യക്തമാക്കി.
സൈനിക പ്രകോപനങ്ങള്‍ നിര്‍ത്തിവെച്ച് നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു.