സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സുഡാനിൽ നോർത്ത് ദാർഫൂറിലെ എൽ ഫഷർ നഗരത്തിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് കൂട്ടബലാത്സംഗം നടത്തുന്നതായി ഗുരുതരമായ റിപ്പോർട്ട്. വിശ്വാസ്യതയുള്ള സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.

എൽ ഫഷർ വിടുന്നതിനിടെ 19 ഓളം യുവതികളെയെങ്കിലും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സൈനികർ ബലാത്സംഗം ചെയ്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അൽ ദാബ്ബയിലേക്ക് പലായനം ചെയ്ത സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. ഇരകളിൽ രണ്ട് പേർ ഗർഭിണികളായിരുന്നു എന്നും സംഘം വെളിപ്പെടുത്തി.

"എൽ ഫഷറിലെ ക്രൂരതകളിൽ ഭയന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നടപടി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് ശക്തമായി അപലപിക്കുന്നു. അടിച്ചമർത്തുന്നതിനായി സ്ത്രീകളുടെ ശരീരത്തെ ആയുധമായി ഉപയോഗിക്കുന്നത് കുറ്റകരമാക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഈ പ്രവൃത്തി," ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.

2023 ഏപ്രിൽ മുതൽ സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര യുദ്ധം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി. 12 മില്യണിലധികം പേരാണ് ഇതുവരെ അഭയാർഥികളാക്കപ്പെട്ടത്.

കഴിഞ്ഞ മാസം രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിലൂടെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എൽ ഫഷർ നഗരം പിടിച്ചെടുത്തതിന് പിന്നാലെ കൂട്ടക്കൊലകൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂട്ടക്കുഴിമാടങ്ങൾ ഒരുക്കിയാണ് മൃതദേഹങ്ങൾ മറവ് ചെയ്തത്. ഗാസയിൽ രണ്ട് വർഷം കൊണ്ട് മരിച്ചവരേക്കാൾ കൂടുതൽ പേർ 10 ദിവസത്തിനുള്ളിൽ എൽ ഫഷറിൽ മരണപ്പെട്ടിട്ടുണ്ടാകാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.