രണ്ടാമത്തെ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച; ഉത്തരവ് ഉണ്ടാകും വരെ നിര്‍ബന്ധിത പൊലീസ് നടപടി പാടില്ലെന്ന് കോടതി

രണ്ടാമത്തെ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച; ഉത്തരവ് ഉണ്ടാകും വരെ  നിര്‍ബന്ധിത പൊലീസ് നടപടി പാടില്ലെന്ന് കോടതി

തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും.

ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിശദമായ വാദം കേട്ടു. ഈ കേസില്‍ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് തടയണമെന്ന രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല.

എന്നാല്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ബന്ധിത നിയമ നടപടികള്‍ പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതോടെ പോലീസിന് രാഹുലിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് വിവരം.

ആദ്യം പരാതി ലഭിച്ച പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ശാരീരികമായി പരിക്കേല്‍പ്പിച്ചെന്നും നിരന്തരം ശല്യം ചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.