എസ് എം സി എ കുവൈറ്റും റിട്ടേർണീസ് ഫോറവും ചേർന്ന് മാർത്തോമാ തീർത്ഥാടനം നടത്തി

എസ് എം സി എ കുവൈറ്റും റിട്ടേർണീസ് ഫോറവും ചേർന്ന് മാർത്തോമാ തീർത്ഥാടനം നടത്തി

ചങ്ങനാശേരി: തോമ്മാശ്ലീഹായുടെ പാദസ്പർശം ഏറ്റ പാലയൂരിലേക്ക് എസ് എം സി എ കുവൈറ്റും റിട്ടേർണീസ് ഫോറവും ചേർന്ന് നടത്തിയ മാർത്തോമാ തീർത്ഥാടനം ദുക്റാന തിരുനാൾ ദിനത്തിൽ നടന്നു.

ചങ്ങനാശേരി മെത്രോപ്പോലീത്തൻ ദേവാലയ അങ്കണത്തിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആളുകൾ ചേർന്നു. തുടർന്ന് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് തീർത്ഥാടനം തുടർന്നത്.


പതാക ഉയർത്തലിലും റാസ കുർബാനയിലും പങ്കെടുത്ത തീർത്ഥാടക സംഘത്തെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ആശീർവദിച്ചു യാത്രയാക്കി. ചാൻസലർ ഫാ. എബ്രഹാം കാവിൽ പുരയിടം, എ കെ സി സി ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, എസ് എം സി എ കുവൈറ്റ് റിട്ടേണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്ത് എന്നിവർ സന്നിഹിതരായിരുന്നു.

എസ് എം സി എ വൈസ് പ്രസിഡന്റ് ബോബി കയ്യാലപ്പറമ്പിൽ, എസ് എം സി എ ബാലദീപ്തി കോർഡിനേറ്റർ ബൈജു ജോസഫ്, എസ് എം സി എ മുൻപ്രസിഡണ്ടും കുവൈറ്റ് റിട്ടേണീസ് ഫോറം പ്രതിനിധിയുമായ ബിജോയ് പാലാക്കുന്നേൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

പാലയൂർ ദേവാലയത്തിൽ ഇടവക വികാരി ഫാ ഡേവിസ് കണ്ണമ്പുഴ തീർത്ഥാടകരെ സ്വീകരിക്കുകയും മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പിന്റെ ആശീർവാദം നൽകുക കയും ചെയ്തു. ജസ്റ്റിൻ മാത്യു ചെമ്മണ്ണൂർ തീർത്ഥാടക സന്ദർശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു. തീർത്ഥാടനത്തിൽ പങ്കാളികളായവർക്കുള്ള സ്മരണികവിതരണം എ കെ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ബോബിൻ ജോർജ്‌ നിർവഹിച്ചു.

അവധിയിൽ നാട്ടിലായിരിക്കുന്ന അംഗങ്ങൾക്കും, കുവൈറ്റിലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ മുൻകാല റിട്ടേർണീസ് ഫോറം അംഗങ്ങൾക്കും പ്രാർത്ഥനയുടെ ഐക്യത്തിൽ ഒന്നിച്ചു കൂടുവാനും, സ്നേഹക്കൂട്ടായ്മ വളർത്തുവാനും ഉതകുന്ന വിധത്തിലാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്.

വളരുന്ന തലമുറക്ക് സഭ ചരിത്രത്തിലേക്കും പാരമ്പര്യങ്ങളിലേക്കും ഒരു വാതിൽ തുറക്കുവാനും വിശ്വാസ ജീവിതത്തിൽ അഭിമാനിച്ച്‌ വളരുവാനും അവസരമൊരുക്കുക എന്നതും മാർത്തോമാ തീർത്ഥാടനം എന്ന പരിപാടിയുടെ ലക്ഷ്യമാണ്.

എസ് എം സി എ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും കൊറോണ മൂലം മാറ്റി വെക്കേണ്ടിയും വന്ന തീർത്ഥാടനപരമ്പരയിൽ ആദ്യത്തേതാണ് 2023 ജൂലൈ മൂന്നിന് നടന്നത്. ഏതാനും വർഷങ്ങൾ കൊണ്ട് ഏഴരപള്ളികളും മൈലാപ്പൂരും മലയാറ്റൂരും അടക്കമുള്ള മറ്റു മാർത്തോമാ കേന്ദ്രങ്ങളിലേക്കും തീർത്ഥാടനം സംഘടിപ്പിക്കുക എന്നതാണ് ഈ പദ്ധതി.
രണ്ടാമത് മാർത്തോമാ തീർത്ഥാടനം 2024 ലെ ദുക്റാന തിരുനാളിൽ കൊടുങ്ങലൂരിലേക്ക് നടത്തുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.