ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; കേസ് എസ്.സി-എസ്.ടി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചീഫ് ജസ്റ്റിസ്

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; കേസ് എസ്.സി-എസ്.ടി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. ഷാജന്‍ സ്‌കറിയയ്ക്കെതിരായ കേസ് എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഷാജന്‍ സ്‌കറിയ നടത്തിയതെന്ന വാദം ശരിവച്ച കോടതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജന്‍ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്‍ നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.