ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബിഹാര്‍ സ്വദേശികളായ മൂന്ന് തൊഴിലാളികള്‍ക്ക് വെടിയേറ്റു

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബിഹാര്‍ സ്വദേശികളായ മൂന്ന് തൊഴിലാളികള്‍ക്ക് വെടിയേറ്റു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ബിഹാര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് വെടിയേറ്റു.

പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ കാശ്മീര്‍ സ്വദേശികളല്ലാത്തവരെയും കാശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭീകരാക്രമണങ്ങള്‍ കാശ്മീരില്‍ കൂടുതലാണ്. അത്തരത്തിലുള്ള ഏറ്റവും പുതിയ ആക്രമണമാണ് ഷോപ്പിയാനിലുണ്ടായത്.

ഭീകരാക്രമണത്തില്‍ അന്‍വര്‍ തോക്കര്‍, ഹീരാലാല്‍, പന്തൂ എന്നീ ബിഹാറി തൊഴിലാളികള്‍ക്കാണ് വെടിയേറ്റത്. ഷോപ്പിയാനിലെ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൂവരെയും ശ്രീനഗറിലേയ്ക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം അനന്ത്‌നാഗിലെ ആഷാജിപോറയില്‍ കഴിഞ്ഞ മാസമുണ്ടായ സമാനമായ ഭീകരാക്രമണത്തില്‍ ദീപക് എന്ന ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. കാശ്മീരിയല്ലാത്തവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്.

ജംഗ്‌ളാത് മണ്ഡിയ്ക്ക് സമീപമുള്ള സ്വകാര്യ സര്‍ക്കസ് മേളയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ദീപക്. ഭീകരവാദ സംഘടനയായ കാശ്മീരി ഫ്രീഡം ഫൈറ്റേഴ്‌സ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.