കോട്ടയം: ചലച്ചിത്ര നടന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അപഹാസ്യമായ തരത്തില്‍ സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് നടന്‍ പ്രതികരിച്ചത്.
'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ' എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
തന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിലും ഇതു തന്നെ പറയുമായിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. വിനായകന്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തുതന്നെ ആയാലും ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ അറിയാമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
എറണാകുളം ഡിസിസി ഭാരവാഹികള്‍ നടനെതിരെ നടപടി തേടി എറണാകുളം നോര്‍ത്ത് പൊലീസിനെ സമീപിച്ചിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കേസില്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
നടന്റെ പ്രസ്താവനയോട് പൊതുജനങ്ങള്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. സംഭവം, വിവാദമായതോടെ ഫെയ്‌സ്ബുക്കില്‍ നിന്നും പ്രസ്താവന പിന്നീട് പിന്‍വലിക്കുകയും ചെയ്തു.