മലപ്പുറം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് അപ്രതീക്ഷീതമായി രാഹുല്‍ ഗാന്ധി എത്തി. മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഹുലിന്റെ പേരില്ലായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. വേദിയിലേക്ക് എത്തിയ രാഹുല്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ മലപ്പുറത്ത് നടന്ന അനുസ്മരണ യോഗത്തിലേക്കെത്തിയത്.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ വേദിയിലേക്ക് എത്തിയത്. അതുവരെ മലയാളത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞാലിക്കുട്ടി, രാഹുല്‍ ത്തെിയതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി.
രോഗം ബുദ്ധിമുട്ടിക്കുന്ന വേളയില്‍ താന്‍ തടഞ്ഞിട്ടും ഭാരത് ജോഡോ യാത്രയില്‍ നടന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് രാഹുല്‍ പറഞ്ഞു.
'മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോയി. എനിക്കറിയാമായിരുന്നു ഉമ്മന്‍ ചാണ്ടിജിക്ക് സുഖമില്ല എന്നതും അപകടകരമായ അസുഖമാണ് അദ്ദേഹത്തിനെന്നും. എന്നാല്‍ അദ്ദേഹം എനിക്കൊപ്പം നടക്കണമെന്ന് പറഞ്ഞ് വിളിച്ചു.
ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. യാത്രയ്ക്കിടയില്‍ അങ്ങയെ വന്ന് കണ്ടോളാമെന്നും പറഞ്ഞു.
എന്നാല്‍ അദ്ദേഹം അതെല്ലാം നിരസിച്ചു. ഭാരത് ജോഡോയില്‍ നടക്കുമെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വരുകയും ഒപ്പം നടക്കുകയും ചെയ്തു. കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് നടക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്' - രാഹുല്‍ പറഞ്ഞു.
കോട്ടയ്ക്കലില്‍ ആയൂര്‍വേദ ചികിത്സ നടത്താനായി രാഹുല്‍ കേരളത്തില്‍ തങ്ങുകയാണ്. 29-ാം തീയതി വരെയാണ് രാഹുലിന്റെ ചികിത്സ.