ലിസ്ബൺ: ലോക യുവജന സമ്മേളനവേദിയിൽ സംഗീത വിരുന്നുമായി സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്.എം.വൈ.എം) ഓസ്ട്രേലിയയിൽ നിന്നുള്ള മ്യൂസിക് ബാൻഡ്. സോങ്സ് ഓഫ് സെറാഫിം അംഗങ്ങളായ ഫ്രാങ്ക്‌ളിൻ വിൽസൺ, ഡോണ റെയ്‌നോൾഡ്, ടോണിയ കുരിശുങ്കൽ, ലിയാൻ സെബാസ്റ്റ്യൻ, അഖിൽ ജോർജ്, ഹീലിയസ് ഹെക്ടർ, ആൽഫ്രഡ് ജെയിംസ്, ജീൻ സജീവ് എന്നിവർ ചേർന്നാണ് മനോഹര സംഗീത വിരുന്നൊരുക്കിയത്. നവീൻ ജോസഫ് അവതാരകനായും സ്റ്റേജിലെത്തി.
യേശുവിന്റെ മഹത്വം പ്രകീർത്തിക്കുന്ന ഗാനങ്ങളായിരുന്നു അധികവും. ഭാഷ പോലും നോക്കാതെ ഗാനത്തോടൊപ്പം നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ താളം പിടിച്ചു. ലക്ഷക്കണക്കിനു യുവജനങ്ങളാണ് സംഗീത വിരുന്ന് ആസ്വദിക്കാനായി തടിച്ചു കൂടിയത്. മെൽബൺ സീറോ മലബാർ എഫാർക്കിയിലെ യൂത്ത് അപ്പോസ്‌തോലേറ്റിന്റെ ബാനറിൽ 2019ലാണ് മ്യൂസിക് ബാൻഡ് രൂപീകരിച്ചത്.
ആഗസ്റ്റ് ഒന്നിന് ആരംഭിച്ച യുവജനസമ്മേളനം ആഗസ്റ്റ് ആറ് ഞായറാഴ്ച സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം അരലക്ഷത്തോളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമാപന ദിവസം മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 70 സ്റ്റേജുകളിലായി, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധനകൾ, വിശ്വാസ പ്രബോധനങ്ങൾ, പ്രഭാഷണങ്ങൾ, സംഗീത സാംസ്കാരിക വേദികൾ എന്നിവ എല്ലാ ദിവസവും നടക്കുന്നുണ്ട്.