മെൽബൺ: മെൽബണിലെ യഹൂദ സിനഗോഗ് 2024 ഡിസംബറിൽ തീവെച്ച കേസിൽ രണ്ടാം പ്രതിക്കെതിരെ കുറ്റപത്രം തയാറാക്കി പൊലിസ്. അഡാസിലെ ഇസ്രയേൽ സിനഗോഗ് തീവെച്ച കേസിൽ 20-കാരനായ യുനെസ് അലി യോൺസിനെതിരെയാണ് പൊലിസ് കേസെടുത്തത്. മെൽബണിൽ നിന്നുള്ള യൂണസ് ബുധനാഴ്ച വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി.
യുനെസിനൊപ്പം കുറ്റാരോപിതനായ 21കാരനായ ജിയോവാനി ലാവുലുയും ഡിസംബർ നാലിന് കോടതിയിൽ ഹാജരാകും. ഇരുവർക്കുമെതിരെ അഗ്നിക്കിരിയാക്കൽ, ജീവിതത്തിന് ഭീഷണിയുള്ള പ്രവൃത്തികൾ, കാർ മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഗ്നിക്കിരിയാക്കൽ കുറ്റത്തിന് 15 വർഷം വരെയും മറ്റ് കുറ്റങ്ങൾക്ക് 10 വർഷം വീതവും തടവ് ശിക്ഷ ലഭിക്കാം. ആക്രമണത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ മൈക്ക് ബർജസ് പറഞ്ഞു.
“ശാന്തിയും സ്നേഹവും നിറഞ്ഞ ഒരു ആരാധനാലയം വിദേശത്തു നിന്നുള്ള ഭീകരരുടെ ലക്ഷ്യമായത് ഞെട്ടിക്കുന്നതാണ്.”സിനഗോഗ് ബോർഡ് അംഗമായ ബെഞ്ചമിൻ ക്ലെയിൻ പറഞ്ഞു. തീപിടുത്തത്തിൽ ആരാധനാലയത്തിലെ മര ഉരുപ്പടികളും മതഗ്രന്ഥങ്ങളും കത്തിനശിച്ചിരുന്നു.
ഓസ്ട്രേലിയയിൽ നടക്കുന്ന ജൂത വിരുദ്ധ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇറാന്റെ അംബാസഡർ അഹ്മദ് സാദേഘിനോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ ഉത്തരവിട്ടിരുന്നു.