വത്തിക്കാൻ സിറ്റി : ഇസ്താംബൂളിലെ ബ്ലൂ മോസ്‌ക് സന്ദർശിച്ചപ്പോൾ അവിടെ പ്രാർത്ഥിച്ചിരുന്നോ എന്നതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. താൻ ഒരു കത്തോലിക്കാ ദേവാലയത്തിൽ പ്രാർത്ഥിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പാപ്പ വ്യക്തമാക്കി. കാസ്റ്റൽ ഗണ്ടോൾഫോയിലെ പാപ്പായുടെ വസതിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ ഒരു റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാർപാപ്പ.
തൻ്റെ പ്രാർത്ഥനാ ജീവിതത്തിൻ്റെ ആഴവും ലാളിത്യവും വെളിപ്പെടുത്തുന്നതായിരുന്നു പാപ്പായുടെ വാക്കുകൾ. "ആരാണ് ഞാൻ പ്രാർത്ഥിച്ചില്ലെന്ന് പറഞ്ഞത്? ഒരുപക്ഷേ ഈ നിമിഷം പോലും എൻ്റെ പ്രാർത്ഥന തുടരുന്നുണ്ടാകാം. സത്യം പറഞ്ഞാൽ എൻ്റെ ആത്മാവിന് കൂടുതൽ ആശ്വാസം നൽകുന്നത് പരിശുദ്ധ കുർബാനയുടെ ജീവനുള്ള സാന്നിധ്യമുള്ള ഒരു കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥിക്കാനാണ്."
പ്രതികരണത്തിനപ്പുറം മോസ്‌കിലെ നിമിഷങ്ങളെക്കുറിച്ചുള്ള മാധ്യമ ചർച്ചകളിലെ കൗതുകവും മാർപ്പാപ്പ മറച്ചുവെച്ചില്ല. "ആ ഒരൊറ്റ നിമിഷത്തെക്കുറിച്ച് ഇത്രയധികം ചർച്ചകൾ ഉണ്ടായത് എനിക്ക് അൽപ്പം കൗതുകകരമായി തോന്നി," പാപ്പ കൂട്ടിച്ചേർത്തു.