റീഫണ്ടിനും നഷ്ട പരിഹാരത്തിനും പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ

റീഫണ്ടിനും നഷ്ട പരിഹാരത്തിനും പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്ത്  ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രാ പ്രതിസന്ധി നേരിട്ട് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ വാഗ്ദാനവുമായി ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്ര ചെയ്യാനാകാതെ വന്നവര്‍ക്കാണ് 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.

റീഫണ്ടിനും വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിനും പുറമെയാണ് ഇത്.

യാത്രാ ദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിന് പുറമെ നല്‍കുന്ന 10,000 രൂപയുടെ വൗച്ചറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും. അതിനിടയില്‍ ഇന്‍ഡിഗോ വഴിയുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം.

നിലവില്‍ തടസമുണ്ടായ യാത്രകളുടെ നിരക്കുകള്‍ തിരികെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്ഫോം വഴിയാണ് ബുക്കിങ് നടത്തിയിട്ടുള്ളതെങ്കിലും ഉടനെ പണം ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ ദിവസം മാത്രം 220 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രതിസന്ധി പത്ത് ദിവസത്തോളമാണ് നീണ്ടത്. അതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്‍ഡിഗോ സിഇഒ ഉള്‍പ്പടെയുള്ളവരെ വിളിച്ചു വരുത്തി. സര്‍വീസ് പുനസ്ഥാപിക്കല്‍, പണം തിരികെ നല്‍കല്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇന്‍ഡിഗോയ്ക്ക് മേല്‍ ഡിജിസിഎ നിയന്ത്രണം ശക്തമാക്കി. തുടര്‍ കാര്യങ്ങള്‍ക്കുള്ള മേല്‍നോട്ടത്തിനായി ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസില്‍ നാല് ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേല്‍നോട്ടത്തിനായി ആകെ എട്ടംഗ സമിതിയെയാണ് ഡിജിസിഎ നിയോഗിച്ചിരിക്കുന്നത്.

ഇതില്‍ രണ്ട് പേര്‍ ഇന്‍ഡിഗോ ഓഫിസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫിസില്‍ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ വിമാനക്കമ്പനികളില്‍ ഡിജിസിഎ അവരുടെ ജീവനക്കാരെ നിയോഗിക്കുന്നത് സാധാരണമല്ല.

പൈലറ്റുമാരുടെ എണ്ണം, ജോലി സമയം, അവധികള്‍, പ്രതിസന്ധി ബാധിക്കപ്പെട്ട സെക്ടറുകള്‍, ഫ്‌ളൈറ്റ് കാന്‍സലേഷനുകള്‍, റിസര്‍വ് സ്റ്റാഫ്, റീഫണ്ട് സ്റ്റാറ്റസ്, ഓണ്‍ ടൈം പെര്‍ഫോമന്‍സ്, യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം, ബാഗേജ് റിട്ടേണ്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ ഓരോ ദിവസവും നിരീക്ഷിക്കും. ഓരോ ദിവസവും വൈകുന്നേരം ആറിനകം ഉദ്യോഗസ്ഥര്‍ ജോയിന്റ് ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.