അമിത വേഗത: 2024 ല്‍ മാത്രം നിരത്തില്‍ പൊലിഞ്ഞത് 1.2 ലക്ഷം ജീവനുകള്‍

അമിത വേഗത: 2024 ല്‍ മാത്രം നിരത്തില്‍ പൊലിഞ്ഞത് 1.2 ലക്ഷം ജീവനുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍മൂലമുള്ള മരണ സംഖ്യ വര്‍ധിക്കുന്നതായി കണക്ക്. അമിതവേഗം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയാണ് മരണങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അമിത വേഗത മൂലം 2024 ല്‍ മാത്രം ഏകദേശം 1.2 ലക്ഷം പേര്‍ക്ക് രാജ്യത്ത് ജീവന്‍ നഷ്ടമായി.

ഈ കണക്ക് ആകെ റോഡപകട മരണങ്ങളുടെ ഏകദേശം 70 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ റോഡപകടങ്ങളുടെ പ്രധാന കാരണം അമിത വേഗതയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ല്‍ 65 ശതമാനമായിരുന്നുവെങ്കില്‍ 2022 ല്‍ 71 ശതമാനമായി അപകട നിരക്ക് വര്‍ധിച്ചു. 2023ല്‍ അപകട നിരക്ക് കുറഞ്ഞെങ്കിലും 2024 ല്‍ വീണ്ടും വര്‍ധിച്ചു.

തമിഴ്നാട്ടിലാണ് അമിത വേഗത കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.  12,010 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കര്‍ണാടകയില്‍ 92 ശതമാനം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയത 81 ശതമാനം മരണങ്ങളും അമിതവേഗത മൂലമാണ്.

വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അമിതവേഗതയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശരാശരി വേഗതയില്‍ ഒരു ശതമാനം വര്‍ധനവും മരണകാരണമാകുന്ന അപകടങ്ങളുടെ സാധ്യത നാല് ശതമാനം വര്‍ധിപ്പിക്കുന്നു. ഗുരുതരമായ അപകടങ്ങളുടെ സാധ്യത മൂന്ന് ശതമാനവും വര്‍ധിപ്പിക്കുന്നു. കാറുകള്‍ ഇടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് മരണം സംഭവിക്കുന്ന കണക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

50 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 65 കിലോമീറ്റര്‍ ആകുമ്പേഴേക്കും അപകട സാധ്യത 4.5 മടങ്ങ് വര്‍ധിക്കുന്നു. കാറുകള്‍ വശങ്ങളില്‍ നിന്ന് ഇടിച്ചുള്ള അപകടങ്ങളിലെ മരണ സംഖ്യയും ഞെട്ടിക്കുന്നതാണ്. 65 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 85 ശതമാനമാണ് വാഹനം ഓടിക്കുന്നവരുടെ മരണ സാധ്യത.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത് മൂലമുള്ള മരണങ്ങളില്‍ നേരിയ കുറവുണ്ടായാണ് റിപ്പോര്‍ട്ട്. 2024 ല്‍ 69,088 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 2023 ല്‍ 70,518 ആയിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തത് മൂലമുള്ള മരണങ്ങളില്‍ തമിഴ്നാടാണ് മുന്നില്‍. 7,744 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മധ്യപ്രദേശ് (6,541), മഹാരാഷ്ട്ര (5,946) എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നല്‍ ഉള്ളത്. ഉത്തര്‍ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇത്തരം മരണങ്ങള്‍ കുറഞ്ഞെങ്കിലും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇത് വര്‍ധിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമുള്ള മരണങ്ങളില്‍ ഉത്തര്‍ പ്രദേശ് ആണ് മുന്നില്‍. 2,816 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മധ്യപ്രദേശ് (1,929), മഹാരാഷ്ട്ര (1,427) എന്നിവയാണ് പിന്നാലെ. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇത്തരം മരണങ്ങള്‍ കുറഞ്ഞെങ്കിലും കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഇത് വര്‍ധിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് വാഹനം ഓടിക്കുന്നവരുടെ മരണ സാധ്യത 50 ശതമാനം വരെ കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നിരത്തിലെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ധരിക്കണം. ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാത്രമേ റോഡുകള്‍ സുരക്ഷിതമാക്കാന്‍ സാധിക്കൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.