തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പീഡന കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ബംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
പരാതിയില്‍ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തിയതിയോ സ്ഥലമോ വ്യക്തമാക്കാത്തതില്‍ നിന്ന് പരാതി രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും പ്രതിഭാഗം വാദം ഉന്നയിച്ചു. 2023 ല്‍ ഒരു ഹോംസ്റ്റേയില്‍ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുള്ള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായത് എന്നതില്‍ നിന്ന് പരാതിക്ക് പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം പരാതി യാഥാര്‍ഥ്യം ആണെന്നും പരാതിക്കാരി വ്യക്തമായ മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസക്യൂഷന്‍ വാദം.
ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്നാണ് യുവതി മൊഴിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്ന് പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയതെന്നും യുവതി മൊഴിയില്‍ പറയുന്നു.
അതേസമയം ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.