തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് വ്യാജ പ്രീ പോള്‍ സര്‍വേയെന്ന് പരാതി. കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യമാണ് പങ്കുവച്ചത്. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലാണ് ആര്‍. ശ്രീലേഖ മല്‍സരിക്കുന്നത്.
മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രീ പോള്‍ സര്‍വേ നടത്താറുള്ള ഏജന്‍സിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള ഗ്രാഫ് ശ്രീലേഖ ഒഴികെ അധികമാരും പങ്കുവച്ചിരുന്നട്ടില്ല. ജനങ്ങളെ കബളിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രീ പോള്‍ ഫലം പുറത്തിറക്കിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയായ ശേഷം അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.