മെക്സിക്കോയിലെ 'കുരിശിന്റെ വഴി' കലാവിഷ്കാരം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ

മെക്സിക്കോയിലെ 'കുരിശിന്റെ വഴി' കലാവിഷ്കാരം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ

ഇസ്തപാലപ: മെക്സിക്കോ സിറ്റിയിലെ ഇസ്തപാലപ ജില്ലയിൽ എല്ലാ വിശുദ്ധ വാരത്തിലും (ഈസ്റ്റർ വാരം) നടക്കുന്ന യേശുവിന്റെ പീഡാനുഭവ കലാവിഷ്കാരം യുനെസ്‌കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടി. ഡിസംബർ എട്ട് മുതൽ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ (അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള അന്തർ-സർക്കാർ സമിതി) ഇരുപതാം സമ്മേളനത്തിലാണ് യുനെസ്‌കോ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

ഇസ്തപാലപയിലെ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട നാമനിർദേശം സമിതി അവലോകനം ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. ഇസ്തപാലപയിലെ വിശുദ്ധ വാരാഘോഷം വെറുമൊരു കലാവിഷ്കാരം എന്നതിലുപരി ആയിരക്കണക്കിന് ആളുകളെ അവരുടെ ഓർമ്മ, സ്വത്വം, കൂട്ടായ്മ എന്നിവയിൽ ഒന്നിപ്പിച്ചു നിർത്തുന്ന ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണെന്ന് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് മെക്സിക്കോയുടെ ഡെപ്യൂട്ടി ഡയറക്ടർ എഡാലി ക്വിറോസ് അഭിപ്രായപ്പെട്ടു.

സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ആവിഷ്കാരങ്ങൾക്ക് യുനെസ്‌കോയുടെ ഈ പട്ടിക അംഗീകാരം നൽകുന്നുവെന്നും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇത് എടുത്തു കാണിക്കുന്നുവെന്നും യുനെസ്‌കോ അധികൃതർ വ്യക്തമാക്കി.

ഈ ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത് 1833 ൽ കോളറ പകർച്ചവ്യാധിയുടെ സമയത്താണ്. ഉയർന്ന മരണ സംഖ്യയെ തുടർന്ന് ദുരിതത്തിലായ ഇസ്തപാലപ നിവാസികൾ പീഡാസഹനത്തിന്റെ പ്രദിക്ഷണം നടത്തുകയും ദിവസങ്ങളോളം പ്രാർത്ഥിക്കുകയും ചെയ്തു. ചരിത്രമനുസരിച്ച് ഇതിനു ശേഷം പ്ലേഗ് നിലച്ചു.

ആ സംഭവത്തിന് നന്ദി സൂചകമായി എല്ലാ വർഷവും ക്രിസ്തുവിന്റെ പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ പുനരാവിഷ്കരിക്കുമെന്ന് പ്രദേശവാസികൾ പ്രതിജ്ഞയെടുത്തു. 2025 ലെ വിശുദ്ധ വാരത്തിൽ മാത്രം രണ്ട് ദശലക്ഷം ആളുകളാണ് ഈ കലാവിഷ്കാരത്തിന് ദൃക്‌സാക്ഷികളായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.