യേശുവിനെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് തിരികെ കൊണ്ടുവരണം; ലണ്ടനിൽ വലതുപക്ഷത്തിൻ്റെ റാലി ശനിയാഴ്ച

യേശുവിനെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് തിരികെ കൊണ്ടുവരണം; ലണ്ടനിൽ വലതുപക്ഷത്തിൻ്റെ റാലി ശനിയാഴ്ച

ലണ്ടൻ: ലോകമെമ്പാടുമുള്ള 'ക്രിസ്മസ് ആഘോഷങ്ങളിലേക്ക് യേശുവിനെ മടക്കിക്കൊണ്ടു വരണം' (Bring Jesus back to Christmas) എന്ന മുദ്രാവാക്യമുയർത്തി ബ്രിട്ടനിൽ വലതുപക്ഷ നിലപാടുകാരുടെ നേതൃത്വത്തിൽ റാലി നടത്താൻ ഒരുങ്ങുന്നു. ക്രിസ്തുമസ് ആഘോഷങ്ങളിൽ യേശുവിൻ്റെ ചിത്രങ്ങൾക്കോ തിരുപ്പിറവിക്കോ പ്രാധാന്യം നൽകാതെ ആഘോഷങ്ങളിലും ആർഭാടങ്ങളിലും മാത്രം ശ്രദ്ധിക്കുന്നതിനെതിരെയാണ് ഈ ക്യാമ്പയിൻ.

ക്രിസ്മസ് ആഘോഷങ്ങൾ ഒരു മതപരമായ വിഷയമായി കാണാതെ കേവലം ആഘോഷങ്ങളിലേക്കും മതേതര സ്വഭാവത്തിലേക്കും വഴിമാറുന്നതിലുള്ള ആശങ്കയാണ് റാലിക്ക് പിന്നിലെ പ്രധാന കാരണം. യേശുവിൻ്റെ തിരുപ്പിറവി, ക്രിസ്ത്യാനികൾക്കിടയിലെ കുടുംബ ബന്ധങ്ങൾ, എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പരിപാടിയാണിത്.

ടോമി റോബിൻസൺ നേതൃത്വം നൽകുന്ന 'യൂണൈറ്റ് ദ കിങ്ഡം' പോലെയുള്ള വലതുപക്ഷ പ്രസ്ഥാനങ്ങളാണ് ഈ റാലിക്ക് പിന്നിൽ. എന്നാൽ ഈ റാലിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടും (C of E) സർക്കാരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

തീവ്ര വലതുപക്ഷം ക്രിസ്തീയ ചിഹ്നങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് വിമർശിക്കുന്നു. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും പ്രകോപിപ്പിക്കാനുള്ള നീക്കമാണിതെന്നും അവർ ആരോപിക്കുന്നു. ഇതിനെതിരെ ക്യാമ്പെയിനിന്റെ ഭാ​ഗമായി ഇം​​ഗ്ലണ്ടിലെ പ്രധാന കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചാണ് പ്രതിഷേധം ഒരുക്കുന്നത്.

"ക്രിസ്തു എല്ലായ്പ്പോഴും ക്രിസ്മസിൽ ഉണ്ടായിരുന്നു" "പുറത്തുനിന്നുള്ളവർക്ക് സ്വാഗതം" എന്നീ പോസ്റ്ററുകളിലൂടെയാണ് സഭ ഇതിനെ പ്രതിരോധിക്കുന്നത്. അഭയാർത്ഥിയായി പലായനം ചെയ്ത വിശുദ്ധ കുടുംബത്തിന്റെ കഥ ഓർമ്മിപ്പിച്ച് കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് സഭ സ്വീകരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ ഉൾപ്പെടെ പലയിടത്തും 'Bring Jesus back to Christmas' എന്ന സമാനമായ കാമ്പയിൻ ചെറുതായി അലയടിക്കുന്നുണ്ട്. ക്രിസ്മസ് ആഘോഷവേളയിൽ യേശുവിൻ്റെ ചിത്രങ്ങൾക്കോ തിരുപ്പിറവിക്കോ പ്രാധാന്യം നൽകാത്തതിലുള്ള ആശങ്കയാണ് ഈ ക്യാമ്പയിനുകൾക്ക് പിന്നിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.