വത്തിക്കാൻ സിറ്റി: ദൈവരാജ്യത്തിന്റെ ആഗമനത്തിനായും നീതിമാനായ ന്യായാധിപനായ യേശുവുമായുള്ള കൂടിക്കാഴ്ചക്കായും ഒരുങ്ങേണ്ടതിന്‍റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് വചന സന്ദേശം നൽകുകയായിരുന്നു പാപ്പാ.
'മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.' (മത്തായി 3 : 2) എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ നടത്തിയ പ്രസംഗത്തെ മാർപാപ്പ അനുസ്മരിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയിൽ 'അങ്ങയുടെ രാജ്യം വരണമേ' എന്ന് അനുദിനം പ്രാർത്ഥിക്കുന്നവരാണ് നാം.
ഈ വാക്കുകളിലൂടെ ദൈവരാജ്യത്തിന്റെ വരവിനായി പ്രാർത്ഥിക്കുന്നതോടൊപ്പം ഈ ലോകത്തിലെ ശക്തരായവരല്ല ചരിത്രത്തിൻ്റെ ഗതി നിയന്ത്രിക്കുന്നത് എന്ന കാര്യവും നാം അംഗീകരിച്ച് ഏറ്റുപറയുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പറഞ്ഞു.
'നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാനല്ല മറിച്ച്, നമ്മെ വിമോചിപ്പിക്കാൻ വേണ്ടി ആഗതനായ ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ ചിന്തകളും ശക്തിയും നമുക്ക് സമർപ്പിക്കാം. നമ്മെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന സുവിശേഷം ഇതാണ് ' - മാർപാപ്പ പറഞ്ഞു.
സ്നാപകയോഹന്നാന്റെ പ്രസംഗം ഗൗരവം ഉള്ളതായിരുന്നുവെന്ന് ലിയോ പാപ്പാ ചുണ്ടിക്കാട്ടി. ജീവിതത്തെ ഗൗരവബുദ്ധിയോടെ നോക്കിക്കാണണമെന്ന ആഹ്വാനമാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്. ബാഹ്യരൂപമനുസരിച്ചല്ല, പ്രത്യുത നമ്മുടെ പ്രവൃത്തികൾക്കും ഹൃദയത്തിന്റെ ഉദ്ദേശ്യങ്ങൾക്കും അനുസരിച്ച് വിധിക്കുന്നവനുമായുള്ള കൂടിക്കാഴ്ചയ്ക്കായി നമ്മെത്തന്നെ ഒരുക്കാൻ സ്നാപകന്റെ വാക്കുകൾ നമ്മെ ക്ഷണിക്കുന്നു.
യേശുവിന്റെ ആദ്യത്തെ വരവിൽ അവിടുത്തേക്കുണ്ടായിരുന്ന സൗമ്യതയും കാരുണ്യവും യോഹന്നാനെ അത്ഭുതപ്പെടുത്തിയിരുന്നു. ഏശയ്യാ പ്രവാചകൻ പ്രവചിച്ച ഉണങ്ങിയ കുറ്റിയിലെ മുള പോലെയായിരുന്നു യേശുവെന്ന് മാർപാപ്പ പറഞ്ഞു. അവിടുത്തെ വരവ് അധികാരത്തിനുവേണ്ടിയോ പ്രതികാരത്തിനുവേണ്ടിയോ ആയിരുന്നില്ല പിന്നെയോ, നമുക്കായി പുതുജീവനും നവീകരണവും കൊണ്ടുവരാൻ വേണ്ടിയായിരുന്നു.
കൃത്യം അറുപത് വർഷങ്ങൾക്കു മുമ്പ് സമാപിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിലൂടെ സഭ അനുഭവിച്ചറിഞ്ഞതും ഇതുതന്നെയാണെന്ന് ലിയോ പാപ്പാ പറഞ്ഞു. ദൈവരാജ്യത്തെ ലക്ഷ്യം വച്ച് നാം യാത്ര ചെയ്യുമ്പോൾ, അതിനെ ആവേശത്തോടെ സ്വാഗതം ചെയ്യുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാവരോടുമൊപ്പം നമുക്കും ഇത് പുതുതായി അനുഭവിക്കാൻ സാധിക്കുന്നു. നിസ്സാരമെന്നോ അപ്രസക്തമെന്നോ തോന്നുന്ന കാര്യങ്ങൾ പോലും ദൈവരാജ്യത്തിന്റെ ആഗമനത്തിൽ പൂർണത പ്രാപിക്കും.
ലോകത്തിന് ഈ വിധമുള്ള പ്രത്യാശ വളരെയധികം ആവശ്യമായിരിക്കുന്നു. 'ദൈവത്തിന് ഒന്നും അസാധ്യമല്ല. അതിനാൽ നമുക്ക് നമ്മെത്തന്നെ ഒരുക്കുകയും ദൈവരാജ്യത്തെ വരവേൽക്കുകയും ചെയ്യാം' - പരിശുദ്ധ പിതാവ് പറഞ്ഞു.
അവസാനമായി, തിളക്കമാർന്നതും സുവ്യക്തവുമായ ആഗമനകാലത്തിൻ്റെ ആധ്യാത്മികതയെ ആശ്ലേഷിക്കുവാൻ ലിയോ പതിനാലാമൻ മാർപാപ്പ ക്രൈസ്തവരായ ഏവരോടും അഭ്യർത്ഥിച്ചു. 'തെരുവിലെ അലങ്കാരവിളക്കുകൾ പോലെ നമുക്കും ഓരോ ചെറിയ കൈത്തിരികളാകാം' - ഈ ഓർമ്മപ്പെടുത്തലോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.