വിസ നൽകുമ്പോൾ ഓസ്ട്രേലിയൻ മൂല്യങ്ങൾ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും : കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

വിസ നൽകുമ്പോൾ ഓസ്ട്രേലിയൻ മൂല്യങ്ങൾ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും : കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

കാൺബെറ: ഓസ്‌ട്രേലിയയിലേക്ക് കടന്നുവരുന്നവരുടെ വിസാനിയമങ്ങൾ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിൻ്റെ കുടിയേറ്റ നയം വൻ വിവാദത്തിലേക്ക്. ഇനി മുതൽ കുടിയേറ്റ വിസകൾ അനുവദിക്കുമ്പോൾ അപേക്ഷകർ 'ഓസ്‌ട്രേലിയൻ മൂല്യങ്ങൾ' പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കാൻ നിർദേശിക്കുന്നതാണ് ചോർന്ന നയരേഖയിലെ പ്രധാന വ്യവസ്ഥ.

വിസയും പൗരത്വവും നൽകുമ്പോൾ ദേശീയ മൂല്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സഖ്യം ലക്ഷ്യമിടുന്നത്. ഈ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിലെ വിവരങ്ങൾ ചോർന്നത് രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. പുതിയ നയം അനുസരിച്ച് വിദേശ വിദ്യാർത്ഥികളെയും രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റത്തിൻ്റെ എണ്ണവും ഗണ്യമായി കുറയ്ക്കാൻ പ്രതിപക്ഷ സഖ്യം പദ്ധതിയിടുന്നു.

കൂടാതെ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ഓസ്‌ട്രേലിയയിൽ അഭയം തേടാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളെയും താൽക്കാലിക വിസകളിലുള്ളവരെയും നാടുകടത്തുന്ന രീതിയിൽ ഭേദഗതി വരുത്തും. നിയമ ലംഘകരോടുള്ള മൃദുസമീപനം ഒഴിവാക്കാനാണ് ഈ നീക്കം.

പ്രതിപക്ഷ സഖ്യത്തിൻ്റെ ഈ നീക്കം അപഹാസ്യമായ നയമായിരിക്കും എന്ന് ​ഗ്രീൻസ് പാർട്ടി കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സ്വപ്നങ്ങളുമായി രാജ്യത്തേക്ക് വരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് പുതിയ നയം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.