ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നടത്തിയ ആദ്യ പരിശോധനാ ഫലം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ലഭിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിലും 80 മില്ലിമീറ്റര്‍ വരെ ആഴത്തിലും താപനിലയില്‍ വലിയ വ്യത്യാസമുള്ളതായി ചന്ദ്രോപരിതലം കുഴിച്ച് ചാസ്‌തെ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതിന്റെ ഗ്രാഫ് നിലയാണ് ഐ.എസ്.ആര്‍.ഒ എക്‌സില്‍ പങ്കുവെച്ചത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഇതാദ്യമായാണ് താപനില വ്യതിയാനം പഠന വിഷയമാക്കിയത്. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയതിന് ശേഷം പുറത്തുവിടുന്ന ആദ്യ പരീക്ഷണ ഫലം കൂടിയാണിത്. ചന്ദ്രോപരിതലത്തില്‍ 10 സെന്റീമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ ചാസ്‌തെയ്ക്ക് സാധിക്കും. പത്ത് സെന്‍സറുകളും ഇതിലുണ്ട്. ചന്ദ്രനിലെ താപവ്യതിയാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഐഎസ്ആര്‍ഒ പുറത്തുവിടും.
താപവ്യതിയാനം പഠിക്കുന്ന ചാസ്‌തെ പേലോഡ് വികസിപ്പിച്ചത് തിരുവനന്തപുരത്തെ സ്‌പേസ് ഫിസിക്കല്‍ ലബോറട്ടറിയില്‍ നിന്നാണ്. ഇവിടെവെച്ചാണ് ചാസ്‌തെയുടെ നിര്‍മാണം പൂര്‍ണമായും നടന്നത്.