ഇംഫാല്‍: മണിപ്പുര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഒരു ദിവസത്തെ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്. ഭരണത്തിലുള്ള ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തുണ്ടായ കലാപത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ പ്രത്യേക സമ്മേളനം വിളിച്ചത്. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമാണിത്.
നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ സമ്മേളനം വിളിക്കാതിരുന്നത് വിവാദമായിരുന്നു. പത്ത് കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. സമ്മേളനം മാറ്റിവെക്കണമെന്ന് കുക്കി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഫാലില്‍ അഞ്ച് വീടുകള്‍ക്ക് തീയിട്ട പശ്ചാത്തലത്തിലാണ് കുക്കി വിഭാഗം നിലപാട് കടുപ്പിച്ചത്.
അതേസമയം, മണിപ്പൂരില്‍ ഒറ്റപ്പെട്ട സംഘര്‍ഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകള്‍ കത്തി നശിച്ചു. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.