ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം; ഹൈഡ്രജന്‍ തേടി ചന്ദ്രയാന്‍ 3 ന്റെ പ്രയാണം തുടരുന്നു

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം;  ഹൈഡ്രജന്‍ തേടി ചന്ദ്രയാന്‍ 3 ന്റെ പ്രയാണം തുടരുന്നു

ബംഗളൂരു: ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ് (ലിബ്സ്) എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചത്.

ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. സള്‍ഫറിനൊപ്പം ഓക്സിജന്‍, അലുമിനിയം, കാല്‍സ്യം, ഫെറോസ്, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, എന്നിവയുടെ സാന്നിധയവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതായും ട്വീറ്റിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു.

സ്വയം നടത്തുന്ന വിലയിരുത്തലുകളും റോവറില്‍ നിന്നുളള വിവരങ്ങളും റേഡിയോ തരംഗങ്ങളായി ബംഗളൂരുവില്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് ആന്റിനയിലേക്ക് വിക്രം ലാന്‍ഡര്‍ ഇപ്പോള്‍ കൈമാറുന്നുണ്ട്.

ഈ വിവരങ്ങള്‍ ബംഗളൂരുവില്‍ തന്നെയുള്ള ഇസ്ട്രാക് കണ്‍ട്രോള്‍ സ്റ്റേഷനില്‍ പഠന വിശകലനങ്ങള്‍ക്ക് വിധേയമാക്കും. ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ കേന്ദ്രങ്ങളും ആശയ വിനിമയത്തിന് സഹായമായുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.