ചൈന പുറത്തു വിട്ട ഭൂപട വിഷയം വളരെ ഗൗരവമുള്ളത്; പ്രധാനമന്ത്രിയുടെ പ്രതികരണം തേടി രാഹുല്‍ ഗാന്ധി

ചൈന പുറത്തു വിട്ട ഭൂപട വിഷയം വളരെ ഗൗരവമുള്ളത്; പ്രധാനമന്ത്രിയുടെ പ്രതികരണം തേടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനും അക്സായ് ചിനും മേല്‍ അവകാശവാദം ഉന്നയിക്കുന്ന ചൈന പുറത്തിറക്കിയ ഭൂപടവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അക്സായ് ചിന്‍, അരുണാചല്‍ പ്രദേശ് എന്നിവയുടെ ഉടമസ്ഥത അവകാശപ്പെടുന്ന ചൈന ഭൂപടം പുറത്തുവിട്ടതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

1962 ലെ യുദ്ധത്തില്‍ ചൈന അധിനിവേശം നടത്തിയ അക്സായി ചിന്‍, തെക്കന്‍ ടിബറ്റ് എന്ന് അവകാശപ്പെടുന്ന അരുണാചല്‍പ്രദേശും ചൈനയുടെ ഭാഗമായി കാണിക്കുന്ന ഒരു പുതിയ ഭൂപട രേഖ കഴിഞ്ഞ അവര്‍ പുറത്തിറക്കിയിരുന്നു. മുന്‍ പതിപ്പുകളിലേതുപോലെ ദക്ഷിണ ചൈനാ കടല്‍ മുഴുവന്‍ ചൈനയുടെ ഭാഗമായിട്ടാണ് ഭൂപടത്തിലൂടെ കാണിക്കുന്നത്.

'ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് താന്‍ വര്‍ഷങ്ങളായി പറയുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചൈന അതിക്രമിച്ചുവെന്ന് ലഡാക്കിന് മുഴുവന്‍ അറിയാമെന്നും ഈ ഭൂപട വിഷയം വളരെ ഗൗരവമുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക തര്‍ക്കം ചര്‍ച്ച ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ഭൂപട വിഷയം ഉണ്ടായത്.

ഭൂപടവുമായി ഉയര്‍ന്ന തര്‍ക്കത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും അയല്‍രാജ്യത്തിന് അത്തരം ഭൂപടങ്ങള്‍ പുറത്തിറക്കുന്ന ഈ 'ശീലം' ഉണ്ടെന്നുമായിരുന്നു പ്രതികരണം. ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഭൂപടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നു പറഞ്ഞ അദേഹം ഇത് ചൈനയുടെ പഴയ ശീലമാണെന്നും പറഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളുമായി ഭൂപടങ്ങള്‍ പ്രസിദ്ധികരിച്ചതു കൊണ്ട് യാതൊരു കാര്യവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഏതാണെന്ന് നമ്മുടെ സര്‍ക്കാരിന് വളരെ വ്യക്തമായിട്ടറിയാം. അസംബന്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചാല്‍ എങ്ങനെയാണ് ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈനയുടേതാകുന്നതെന്നും വിദേശകാര്യമന്ത്രി ഉന്നയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.