ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടു നിന്നത് മുന്നണിയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്.
കൃത്യമായ സമയത്തിനുള്ളില്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം നടത്തണമെന്ന് മമത ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിലപാടിനോട് കോണ്‍ഗ്രസടക്കം മൗനം പാലിച്ചു. അതേ സമയം ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടികള്‍ അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജാതി സെന്‍സസില്‍ പ്രമേയം പാസാക്കാനുമായില്ല.
അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പറ്റാവുന്നിടത്തോളം സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനമായി. 'ഭാരതത്തെ ഒന്നിപ്പിക്കും, ഇന്ത്യ ജയിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുന്നണി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക. സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും. മുന്നണിയെ നയിക്കാന്‍ 14 അംഗ ഏകോപന സമിതിയെ നിയോഗിച്ചു. നിലവില്‍ സമിതിക്ക് കണ്‍വീനര്‍ ഇല്ല.
ഏകോപന സമിതിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരുമില്ല. കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികള്‍ കൂടി രൂപീകരിച്ചു.
പ്രചാരണ കമ്മറ്റിയില്‍ കേരളത്തില്‍ നിന്ന് ജോസ് കെ മാണി, എന്‍.കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, ജി. ദേവരാജന്‍ എന്നിവരുണ്ട്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യ വ്യാപകമായി റാലികള്‍ നടത്താനും യോഗം തീരുമാനിച്ചു.