കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. 24 മണിക്കൂറിനുള്ളില്‍ ഇത് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഇതിന് പുറമേ വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.