ഗാസ സിറ്റി: ഗാസയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി ജറുസലേമിലെ ലത്തീൻ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയർബാറ്റിസ്റ്റ പിസാബല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവക സമൂഹത്തെ സന്ദര്‍ശിച്ചു.
ഗാസയിലെ സമൂഹത്തെക്കുറിച്ചുള്ള വിശുദ്ധ നാട്ടിലെ സഭകളുടെ ആശങ്ക പങ്കുവയ്ക്കാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് എക്യുമെനിക്കല്‍ സംഘം ഗാസയിലെത്തിയതെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
സന്നദ്ധ സംഘടനുകളുമായി കൈകോര്‍ത്ത് അഭയാര്‍ത്ഥികള്‍ക്ക് നൂറുകണക്കിന് ടണ്‍ ഭക്ഷണ സാധനങ്ങളും പ്രഥമ ശുശ്രൂഷ കിറ്റുകളും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സംഘം എത്തിച്ച് നല്‍കി. പരിക്കേറ്റവരെ ഗാസയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കും പ്രതിനിധി സംഘം നേതൃത്വം നല്‍കി.
ഗാസയില്‍ എത്തിയ കര്‍ദിനാള്‍ പിസാബല്ലയെ ഫോണില്‍ വിളിച്ച ലിയോ പാപ്പ സഭാ പ്രതിനിധി സംഘത്തോടും അക്രമത്തിനിരയായ ജനങ്ങളോടുമുള്ള പിന്തുണയും സാമീപ്യവും പ്രാര്‍ത്ഥനയും അറിയിച്ചു.
ആക്രമണത്തിന് വിധേയമായ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന്റെ കോമ്പൗണ്ടില്‍ ഏകദേശം 600 പേര്‍ അഭയം തേടിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ് ക്രൈസ്തവരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും കത്തോലിക്കരുമാണ്. എന്നാല്‍ 50-ലധികം വികലാംഗ മുസ്ലീം കുട്ടികളും അവരുടെ കുടുംബങ്ങളോടൊപ്പം അവിടെ താമസിക്കുന്നുണ്ട്.