കൊച്ചി: കത്തോലിക്ക സഭയിലെ ആദ്യ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച അതേ ദിനത്തില്‍ തന്നെ വരാപ്പുഴ അതിരൂപതയില്‍ വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയ കൂദാശയും നടന്നു.
എറണാകുളം പള്ളിക്കരയിലാണ് വിശുദ്ധ കാര്‍ലോയുടെ നാമധേയത്തില്‍ നിര്‍മ്മിച്ച ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശീര്‍വദിച്ചത്.
നവീന സാങ്കേതിക വിദ്യയിലും ആത്മീയതയിലും താല്‍പര്യവുമുള്ള യുവജനങ്ങള്‍ക്ക് വിശുദ്ധന്റെ ജീവിതം പ്രചോദനമാകുമെന്നും ഇതിനു ദേവാലയം കരുത്തേകുമെന്നും വരാപ്പുഴ അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സോജന്‍ മാളിയേക്കല്‍, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പില്‍, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.