യു.എന്‍ വാര്‍ഷിക യോഗത്തില്‍ മോഡി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ബ്രിക്സ് അടിയന്തര ഉച്ചകോടിയില്‍ ഇന്ത്യ സംബന്ധിക്കും

യു.എന്‍ വാര്‍ഷിക യോഗത്തില്‍ മോഡി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ബ്രിക്സ് അടിയന്തര ഉച്ചകോടിയില്‍ ഇന്ത്യ സംബന്ധിക്കും

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യുഎസ് സന്ദര്‍ശനം ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യു.ന്‍ പ്രതിനിധി സഭ വാര്‍ഷിക സമ്മേളനത്തിനിടെ നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ന്യൂയോര്‍ക്കില്‍ ഈ മാസം 23 മുതല്‍ 29 വരെയാണ് യു.എന്‍ ജനറല്‍ അസംബ്ലിയുടെ 80-ാം വാര്‍ഷികം നടക്കുന്നത്. എല്ലാ യു.എന്‍ അംഗരാജ്യങ്ങളും ഹൈ ലെവല്‍ വീക്ക് എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും പങ്കെടുക്കുക എന്നാണ് സൂചന. 23 നാണ് ട്രംപ് യു.എന്‍ സഭയെ അഭിസംബോധന ചെയ്യുക. 27 നാണ് യുഎന്നില്‍ ഇന്ത്യ സംസാരിക്കുന്നത്.

അതേസമയം തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക. ബ്രിക്സ് പിരിച്ചു വിടണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡോളറിനെതിരെ ബ്രിക്സ് നിലകൊള്ളുകയാണ്. ബ്രിക്സ് നിലനില്‍ക്കാന്‍ പാടില്ല. ബ്രിക്സില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസ് അധിക തീരുവ അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായിട്ടാണ് അടിയന്തര ബ്രിക്സ് ഉച്ചകോടി വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.