'ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; രാജ്യത്ത് മറ്റൊരിടത്തുമില്ല': കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

'ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; രാജ്യത്ത് മറ്റൊരിടത്തുമില്ല': കേരള  ഹൈക്കോടതിക്ക്  സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിയെ മറികടന്ന് നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം.

രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും ഇത്തരം സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നോട്ടീസും അയച്ചു. അമികസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയെ കോടതി നിയമിച്ചു.

കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചത്.

ബി.എന്‍.എസ്.എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂര്‍ണമായ വസ്തുത അറിയണമെന്നില്ല.

എന്നാല്‍ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബര്‍ 14 ന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകന്‍ ഷിനോജ് കെ. നാരായണനും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.