ഇരട്ട ന്യൂന മര്‍ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

 ഇരട്ട ന്യൂന മര്‍ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  വടക്കന്‍ കര്‍ണാടക തീര പ്രദേശത്തിന് മുകളിലും തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് മുകളിലായും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴ ശക്തമാകുന്നത്.

നിലവില്‍ വടക്കന്‍ മധ്യപ്രദേശിന് മുകളിലും മ്യാന്മാര്‍-മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ ഗോവ തീരത്തിന് സമീപമാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന അറിയിപ്പില്‍ പറയുന്നു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശക്തി പ്രാപിച്ച് ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

സംസ്ഥാനത്ത് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ ശക്തി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറ്റപ്പെട്ട ഇടങ്ങളിലും മലയോര പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.