കോയമ്പത്തൂര്‍: നീലഗിരി ബസ് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് കുന്നൂരിനടുത്ത് മരപ്പാലത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് പേരാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നാണ് അദേഹം അറിയിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ആകെ 54 യാത്രക്കാരായിരുന്നു.