സിക്കിം മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ 6 സൈനികര്‍ ഉള്‍പ്പെടെ 17 മരണം, നൂറോളം പേരെ കാണാതായി

സിക്കിം മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ 6 സൈനികര്‍ ഉള്‍പ്പെടെ 17 മരണം, നൂറോളം പേരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ആറ് സൈനികര്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രളയത്തിലകപ്പെട്ട് സൈനികരടക്കം നൂറോളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കാണാതായ സൈനികരുടെ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ സിക്കിമിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബര്‍ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കന്‍ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതി നിലയവും തകര്‍ത്തെറിയുകയായിരുന്നു.

ടീസ്റ്റ നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കരസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നല്‍ പ്രളയത്തിന്റെ സംഹാരതാണ്ഡവത്തില്‍ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.