ന്യൂഡല്‍ഹി: ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിനെ നയപരമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലെ വാദം കേള്‍ക്കുന്നത് കോടതി 2024 ജനുവരി വരെ മാറ്റിവച്ചു. ഏതെങ്കിലും ഒരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം തങ്ങള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
2023 ഒക്ടോബര്‍ രണ്ടിനാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 13.1 കോടി ജനങ്ങളില്‍ 36 ശതമാനം വളരെ പിന്നാക്ക വിഭാഗത്തിലും 27.1 ശതമാനം പിന്നാക്ക വിഭാഗത്തിലും 19.7 ശതമാനം പട്ടികജാതിയിലും 1.7 ശതമാനം പട്ടികവര്‍ഗത്തിലും പെട്ടവരാണെന്ന് സെന്‍സസ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ 21-ാം അനുച്ഛേദം പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിച്ച കെ. എസ് പുട്ടസ്വാമിയുടെ വിധിയ്ക്ക് വിരുദ്ധമാണ് ജാതി വിവരങ്ങള്‍ തേടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു.
സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു കോടതിയുടെയും വിലക്കുണ്ടായിരുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. വിഷയം ദീര്‍ഘമായി കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച് ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് വാദം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
പേരും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കാത്തതിനാല്‍ സെന്‍സസ് സ്വകാര്യതയുടെ പ്രശ്‌നമായി കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.