'ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കര്‍ഷക സമരത്തെ പിന്തുണച്ചു': ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസിന്റെ എഫ്.ഐ.ആര്‍

'ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കര്‍ഷക സമരത്തെ പിന്തുണച്ചു': ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസിന്റെ എഫ്.ഐ.ആര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചതായി ഡല്‍ഹി പോലീസിന്റെ എഫ്.ഐ.ആര്‍. ന്യൂസ് ക്ലിക്കിന്റെ ഓഹരി ഉടമയായ ഗൗതം നവ്‌ലാഖയ്ക്ക് പാകിസ്ഥാന്‍ ചാര സംഘടനയുടെ ഏജന്റ് ഗുലാം നബി ഫായിയുമായി ബന്ധമുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസം (PADS) എന്ന സംഘടനയുമായി ചേര്‍ന്ന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചു, ജമ്മു കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്താന്‍ ന്യൂസ് ക്ലിക് സ്ഥാപകനും കൂട്ടാളികളും ശ്രമിച്ചു, ഈ രണ്ട് പ്രദേശങ്ങളും തര്‍ക്കഭൂമി ആണെന്ന് ആഭ്യന്തര തലത്തിലും അന്തരാഷ്ട്ര തലത്തിലും വരുത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയ വിവരങ്ങളും എഫ്.ഐ.ആറിലുണ്ട്.

വിദേശത്ത് നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കര്‍ഷക സമരത്തെ പിന്തുണച്ച് അവശ്യ സാധനങ്ങളുടെ വിതരണം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനായി വിദേശ ശക്തികളുമായി സഖ്യത്തില്‍ പ്രവര്‍ത്തിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശനങ്ങളുണ്ടാക്കുകയും കോടികളുടെ നഷ്ടമുണ്ടാക്കുകയുമായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. രാജ്യതാല്‍ര്യത്തിന് വിരുദ്ധമായി ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കി. രാജ്യവിരുദ്ധ ശക്തികളുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനമെന്നും എഫ്.ഐ.ആറില്‍ വിശദീകരിക്കുന്നു.

ചൈനയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചൈനീസ് സര്‍ക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും പ്രതിരോധിക്കാനും ശ്രമിച്ചു. ചൈനീസ് ടെലികോം കമ്പനികള്‍ക്കെതിരായ കേസുകളില്‍ നിയമ സഹായം നല്‍കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് ടെലികോം കമ്പനികളുടെ സഹായം ലഭിച്ചുവെന്നും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ചൂണ്ടിക്കാട്ടുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.