ന്യൂഡല്‍ഹി: സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍ക്ക് സമയപരിധി ഇല്ലെങ്കിലും അതിനര്‍ഥം തീരുമാനം അനന്തമായി നീട്ടുകയല്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരമെന്നും സുപ്രീം കോടതി പറഞ്ഞു.
ബംഗാള്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുളള ബെഞ്ചിന്റെ നിരീക്ഷണം. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അയച്ചിരിക്കുന്ന ഫയലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചു.
ഗവര്‍ണര്‍ക്ക് ഏതെങ്കിലും ഫയലില്‍ ഒപ്പിടാന്‍ സമയ പരിധി ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും എന്നാല്‍ അതിന്റെ അര്‍ഥം ഫയലുകള്‍ക്ക് ഒപ്പിടാതെ തീരുമാനം അനന്തമായി വൈകിക്കുക എന്നതല്ലെന്നും കോടതി നീരിക്ഷിച്ചു.