ന്യൂഡൽഹി: മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് കേന്ദ്ര സർക്കാരിൻറെ യാത്രാനുമതി ലഭിക്കാത്തതിനാൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കും. ഒക്ടോബർ 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപയാണ് അനുവദിച്ചത്.
നേരത്തെ ലണ്ടനിൽ നടന്ന ലോക കേരളാ സഭയുടെ സമ്മേളനത്തിൽ തന്നെ സൗദി അറേബ്യ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നതാണ്. ജിദ്ദയിലും റിയാദിലും ദമാമിലുമായിരുന്നു സമ്മേളന വേദികളായി നിശ്ചയിച്ചിരുന്നതും.മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് എത്താൻ പറ്റാതെ വരുന്നതോടെ ഇനി മാറ്റി വെക്കൽ അല്ലാതെ മറ്റ് വഴികളില്ല.
എന്നാൽ യാത്ര സംബന്ധിച്ച ഫയൽ ഇതുവരെ വിദേശകാര്യമന്ത്രാലത്തിന്റെ മുന്നിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ രാഷ്ട്രീയാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിൻറെ നിലപാട്. ഇനി എന്തായാലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷമായിരിക്കും സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കുന്നത്. നേരത്തെ മെയിൽ യുഎഇയിലെ നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം അനുമതി നൽകിയിരുന്നില്ല.