ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും അവിടെ കുടുങ്ങിപ്പോയ തീര്‍ത്ഥാടക സംഘങ്ങളെയും തിരികെ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ച് ഇവരെ മടക്കിക്കൊണ്ടു വരാനാണ് നീക്കം.
18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്. ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും ഇസ്രയേലിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ഇന്നലെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് നിര്‍ണായകമായ ആശയ വിനിമയങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.
തീര്‍ത്ഥാടകള്‍ ഉള്‍പ്പടെയുള്ളവരെ കെയ്റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്റോയില്‍ എത്തിക്കുക. എതാനും ഇന്ത്യന്‍ തീര്‍ത്ഥാടക സംഘങ്ങള്‍ ഇസ്രയേല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി ഇതിനോടകം കടന്നു. താബയില്‍ നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് കെയ്റോയില്‍ എത്താം.