ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം പാസാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ കാല്‍വയ്പ്പാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാല് മണിക്കൂറാണ് പ്രവര്‍ത്തക സമിതിയില്‍ ജാതി സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്തത്. സമിതി സെന്‍സസിനെ ഐക്യകണ്ഠേന പിന്തുണയ്ക്കുകയും ചെയ്തു. രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ജാതി സെന്‍സസ് നടപ്പാക്കാന്‍ പ്രധാനമന്ത്രി അശക്തനാണ്. ഒബിസി വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. എന്നാല്‍ ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണം. പ്രധാനമന്ത്രി ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയല്ല, മറിച്ച് അവരുടെ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
'കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്നു പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബിജെപിക്ക് 10 മുഖ്യമന്ത്രിമാരുണ്ട്. അതില്‍ ഒബിസി ഒരാള്‍ മാത്രവും. ആ ഒരാളും കുറച്ചു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി അല്ലാതാകും'- രാഹുല്‍ ഗാന്ധി പറഞ്ഞു.