മത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം അരുത്; കോച്ചിങ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

മത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം അരുത്; കോച്ചിങ് ഇല്ലാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തില്‍ നിന്ന് മുക്തരാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കോച്ചിങ് ഇല്ലാതെ തന്നെ മത്സര പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കുട്ടികള്‍ക്കാകുമെന്നും അദേഹം വ്യക്തമാക്കി. നവോദയ വിദ്യാലയങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദേഹം വ്യക്തമാക്കി.

മത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമില്ലെന്നും സ്‌കൂള്‍ വിദ്യാഭ്യാസം മതിയെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ ജീവനും വിലപ്പെട്ടതാണ്. വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ഒന്നും പാടില്ല.

സാങ്കേതിക വിദ്യയിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും പരിചരണത്തലൂടെയും കൗണ്‍സിലിങുകളിലൂടെയും കുട്ടികള്‍ക്ക് താങ്ങാകാന്‍ കഴിയണം. എന്‍സിഇആര്‍ടി ഇതിനെ കുറിച്ച് ചിന്തിക്കുകയും വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന സര്‍ക്കാരുകള്‍ വഴി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിരവധി വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ ചേര്‍ന്നതിന് ശേഷം കോച്ചിങിനായി എത്തുന്നത്. ബോര്‍ഡ് പരീക്ഷകള്‍ക്ക് നേരിട്ടെത്തുമെങ്കിലും മുഴുവന്‍ സമയവും സ്‌കൂളുകളില്‍ കുട്ടികള്‍ ചെലവഴിക്കുന്നില്ലെന്നും മിക്ക ദിവസവും ഹാജരാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വളര്‍ച്ചയെ തടസപ്പെടുത്തും. പലപ്പോഴും ഒറ്റപ്പെടലും സമ്മര്‍ദവും അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ആലോചനകളുടെ സമയം അതിക്രമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, ജെ.ഇ.ഇ, നീറ്റ് എന്നിവയ്ക്ക് തയാറെടുക്കുന്നതിനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ എത്തുന്നുവെന്നാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.