ന്യൂഡല്‍ഹി: യുദ്ധഭൂമിയായ ഇസ്രയേലില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് എത്തും. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷന്‍ അജയ്' പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും ഇവരുടെ രക്ഷാദൗത്യം ശ്രമകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഓപ്പറേഷന്‍ അജയുടെ ഭാഗമായിട്ടുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം അര്‍ദ്ധരാത്രിയോടെ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. 18,000ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. ആവശ്യമെങ്കില്‍ വ്യോമസേന വിമാനങ്ങളും ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡല്‍ഹിയിലെ കേരള ഹൗസില്‍ ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കും.
'ഓപ്പറേഷന്‍ അജയ്' പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു. കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.
അതേസമയം ഇസ്രായേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.