ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വസകരമായ പ്രഖ്യാപനവുമായി അമേരിക്ക. വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ അംഗീകാര കാര്‍ഡ് നല്‍കുമെന്ന് യുഎസ്. എന്നാല്‍ കുടിയേറ്റക്കാരല്ലാത്ത ചില വിഭാഗങ്ങള്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. യുഎസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ പ്രഖ്യാപനം പ്രയോജനപ്പെടും.
തൊഴില്‍ അംഗീകാരത്തിനായി അപേക്ഷിക്കേണ്ട ചില പൗരന്മാരല്ലാത്തവര്‍ക്കുള്ള പ്രാരംഭ, പുതുക്കല്‍ എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റുകളുടെ (ഇഎഡി) പരമാവധി സാധുത കാലയളവ് അഞ്ച് വര്‍ഷമായി നീട്ടുന്നതായും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.
യുഎസില്‍ സ്ഥിരമായി ജീവിക്കാനുള്ള അവകാശം കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ഒരു രേഖയാണ് ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ സ്ഥിര താമസ കാര്‍ഡ്. 10.5 ലക്ഷത്തിലധികം തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് അര്‍ഹരായ ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ഇവരില്‍ അഭയം തേടുന്നവര്‍, ഐഎന്‍എ 245 പ്രകാരമുള്ള പദവി ക്രമീകരിക്കല്‍, നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്നും ഫെഡറല്‍ ഏജന്‍സി വ്യക്തമാക്കി. ഇഎഡിയുടെ കാലയളവ് വര്‍ധിപ്പിക്കുന്നതിലൂടെ ഇഎഡി പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഏജന്‍സി അറിയിച്ചു.